ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് ഉയരുന്ന സഹാചര്യത്തിൽ ആശുപത്രികൾക്ക് നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉഷ്ണതരംഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.
കൂടാതെ സൂര്യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കായി
പ്രത്യേക യൂണിറ്റ് ആരംഭിക്കണമെന്നും രോഗികൾക്ക് സാധ്യമായ എല്ലാ പരിചരണവും ലഭ്യമാക്കണമെന്നുമാണ് നിർദേശം. ദുരന്ത നിവാരണ അതോറിറ്റിയും ഡൽഹിയിലെ ജനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പകൽസമയം പുറത്തിറങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഉത്തരേന്ത്യയിൽ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇടയ്‌ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. യാത്ര ചെയ്യുമ്പോൾ കയ്യിൽ വെള്ളം കരുതണം. ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്. കഴിഞ്ഞ ഒരു മാസമായി ഡൽഹിയിൽ ചൂട് വളരെയധികം കൂടുതലാണ്.
കഴിഞ്ഞ 72 മണിക്കൂറിനിടെ ഡൽഹിയിൽ സൂര്യാഘാതത്തെ തുടർന്ന് അഞ്ച് പേർ മരിച്ചിരുന്നു. നോയിഡയിൽ പത്ത് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 35 ഡിഗ്രിയും കൂടിയ താപനില 45 ഡിഗ്രിയുമാണ്.















