ന്യൂഡൽഹി: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. സർവ്വകലാശാല പുനഃസ്ഥാപിക്കുക എന്നത് വളരെക്കാലമായി ഇന്ത്യക്കാരുടെ ആഗ്രഹം ആണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. കാമ്പസ് സ്ഥാപിക്കണമെന്ന പ്രധാനമന്ത്രിയുടെ ചിന്താഗതിയെ പ്രശംസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാസ്വാൻ.
നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം ബിഹാറിനും രാജ്യത്തിനും ചരിത്രപരമായ ദിവസമാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ പറഞ്ഞു. ബിഹാറിന്റെ പ്രതാപവും മഹത്വവും തിരികെ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് പറഞ്ഞു.
നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സർവകലാശാലയുടെ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം ഊഴത്തിന് തുടക്കമിട്ട് 10 നാളുകൾക്കുള്ളിൽ തന്നെ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.















