ശ്രീനഗർ: റിയാസി ഭീകരാക്രമണക്കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി റിയാസി എസ്എസ്പി മോഹിത ശർമ. കേസിൽ പിടിയിലായ ഹക്കിംദീന് (Hakimdeen – 45) ഭീകരരുമായി അടുത്ത ബന്ധമാണുള്ളതെന്നും ആക്രമണം നടപ്പിലാക്കുന്നതിന് നിർണായക പങ്കുവഹിച്ചയാളാണെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് അറിയിച്ചു.
ഭീകരർക്ക് നിരവധി തവണ അഭയം നൽകിയിട്ടുള്ളയാളാണ് പ്രതി. ഭീകരർക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ ഏർപ്പാടാക്കുക, ഭീകരാക്രണം നടത്താൻ പദ്ധതിയിട്ട ലൊക്കേഷനുകളിലേക്ക് പ്രതികളെ എത്തിക്കുക, ഭീകരർക്ക് വേണ്ട മറ്റ് സഹായങ്ങൾ ഉറപ്പുവരുത്തുക എന്നിവയെല്ലാം ചെയ്തിരുന്നത് ഹക്കീമാണ്. റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് വെടിവച്ച് അപായപ്പെടുത്തിയ ഭീകരർക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്ത് നൽകിയത് ഹക്കീമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 150ഓളം പേർ കസ്റ്റഡിയിലാണ്. ഹക്കീമിനെ പിടികൂടിയത് രജൗരിയിലെ ബന്ദ്രാഹിയിൽ നിന്നാണ്. റിയാസി ഭീകരാക്രമണ സമയത്ത് ലൊക്കേഷനിൽ ഹക്കീം ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഹക്കീമാണ്. ഇയാളുടെ വീട്ടിൽ പലതവണയായി ഭീകരർ എത്തിയിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയതിന് 6,000 രൂപയാണ് ഹക്കീം കൈപ്പറ്റിയത്. മൂന്ന് ഭീകരരാണ് ഹക്കീമുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നും അവർ പിടിയിലാകുന്നതു വരെ പൊലീസിന് വിശ്രമമില്ലെന്നും എസ്എസ്പി പ്രതികരിച്ചു.
റിയാസിയിൽ ജൂൺ ഒമ്പതിനായിരുന്നു ഭീകരാക്രമണം നടന്നത്. ശിവഖോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയായിരുന്നു ആക്രമണം. വെടിവയ്പ്പിനെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. കുഞ്ഞങ്ങളടക്കം 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.















