കന്യാകുമാരി: ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. തമിഴ്‌നാട് മാര്‍ത്താണ്ഡത്തെ ബദ്‌രിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പളുകൽ സ്റ്റേഷനിലെ എസ്‌ഐ ഭുവനചന്ദ്രന്റെ മകന്‍ രോഹിത്തിനാണ് ദുരനുഭവം ഉണ്ടായത്.
വീട്ടിലെത്തി പാഴ്സൽ തുറന്നപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി, നടപടികൾ സ്വീകരിച്ചു.
മാർത്താണ്ഡം ജംഗ്ഷനിലെ തിരക്കേറിയ നോണ്‍ വെജ് ഹോട്ടലാണ് ബദ്‌രിയ. പ്രദേശത്തെ ഹോട്ടലുകളിൽ വൃത്തിയില്ലാതെ ഭക്ഷണം നൽകുന്നത് പതിവാണെന്ന് നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കിടെ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.















