കൊച്ചി : കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ് . സിനിമയുടെ ടിക്കറ്റ് കലക്‌ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടിയതിന് പിന്നാലെയാണിത് .
കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിലാണ് കൂടുതൽ പരിശോധന നടത്തുന്നത് .
മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്തിരുന്നു. സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന . സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ജൂണ്‍ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുകളിലാണ് നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്‌ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.















