ന്യൂഡല്‍ഹി : വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കള്‍ മടക്കിയെത്തിക്കാനുള്ള ശക്തമായ ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത് . ഇതിന്റെ ഭാഗമായി ഇതിനകം നിരവധി പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ 1659-ല്‍ ബിജാപൂര്‍ സുല്‍ത്താനേറ്റിന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കാന്‍ ഛത്രപതി ശിവാജി മഹാരാജ് പ്രയോഗിച്ച ഐതിഹാസിക ‘വാഗ് നഖ്’ തിരികെ ഇന്ത്യയിലേയ്‌ക്ക് എത്തുന്നു .
ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് ഇന്ത്യയിലെത്തുന്ന വാഗ് നഖ് സത്താറയിലെ ശ്രീ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിൽ ജൂലൈ ആദ്യ വാരത്തിൽ പ്രദർശിപ്പിക്കും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാഗ് നഖ് പ്രദർശിപ്പിക്കുന്നതിന് ലണ്ടൻ ആസ്ഥാനമായുള്ള മ്യൂസിയവുമായി മഹാരാഷ്‌ട്ര സർക്കാർ ധാരണാപത്രം ഒപ്പുവച്ചു. സത്താറയിലെ പ്രദർശനത്തിന് ശേഷം, കോലാപ്പൂർ, നാഗ്പൂർ മ്യൂസിയങ്ങളിലും ഇത് പ്രദർശിപ്പിക്കും.
ഇതിനായി 8 ലക്ഷം രൂപ വിലയുള്ള ലാമിനേറ്റഡ് ഗ്ലാസ് ഷോകേസ് ഒരുക്കിയിട്ടുണ്ട് . സെൻസറുകൾ ഘടിപ്പിച്ച് സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവുമുണ്ടാകും . സുരക്ഷയ്‌ക്കായി സായുധ ഗാർഡുകളും ഉണ്ടായിരിക്കും.താപനിലയും ഈർപ്പവും നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട് . പ്രതാപ്ഗഡ് കോട്ടയുടെ പെയിൻ്റിംഗും ഇതിനൊപ്പം പ്രദർശിപ്പിക്കും.
ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയയുടെ ഡയറക്ടർ ജനറൽ സബ്യസാചി മുഖർജി, പ്രദർശനത്തിന് മേൽനോട്ടം വഹിക്കും.ശിവാജി മഹാരാജിന്റെ ഭരണകാലത്ത് ഉപയോഗിച്ച ആയുധങ്ങളുടെ പ്രദർശനവും സത്താറ മ്യൂസിയത്തിൽ നടക്കും.















