റോം: വൈക്കോൽ വെട്ടുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിന് പിന്നാലെ രക്തം വാർന്ന് ഇന്ത്യൻ പൗരൻ മരിച്ചതിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി ഇറ്റലിയിലെ ഇന്ത്യൻ എംബസി. സത്നാം സിംഗ് എന്നയാളാണ് ഇറ്റലിയിലെ ലാറ്റിന ഗ്രാമത്തിൽ അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്.
നിയമപരമായ രേഖകൾ ഇല്ലാതെയായിരുന്നു സിംഗ് ലാറ്റിനയിലെ ഫാമിൽ ജോലി ചെയ്തിരുന്നത്. ഇതിനിടെയിലാണ് സിംഗിന്റെ കൈ യന്ത്രത്തിൽ കുടുങ്ങിയത്. പിന്നാലെ സഹപ്രവർത്തകർ ഇയാൾ താമസിക്കുന്ന കെട്ടിടത്തിന് സമീപം സിംഗിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഇറ്റലിയിലെ തൊഴിൽ മന്ത്രി മറീന കാൽഡെറോൺ വ്യക്തമാക്കി. ശക്തമായി അപലപിക്കുകയും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സത്നാം സിംഗിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി അറിയിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എംബസി ഉറപ്പുനൽകി.















