തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്താൽ ക്രിമിനൽ കേസെടുക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ. ബസുകൾ വഴിയിൽ തടയേണ്ട കാര്യമില്ലെന്നും ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ശാരീരികമായി ഉപദ്രവിക്കുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ടക്ടറോ ഡ്രൈവറോ അസഭ്യം പറഞ്ഞാൽ ബസിന്റെ നമ്പർ ഉൾപ്പടെ വീഡിയോദൃശ്യം പകർത്തി സിഎംഡിയുടെ നിയന്ത്രണത്തിലുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്. പരിശോധിച്ച് വേണ്ട വിധത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്കെതിരെ അതിക്രമങ്ങളുണ്ടായാൽ കേസെടുക്കും. മിനിസ്റ്ററെ കേൾക്കാം എന്ന പ്രത്യേക പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. നമ്പർ: 9188619380
വാഹനങ്ങൾ വഴിയിൽ തടയുന്ന സംഭവമുണ്ടായാൽ യാത്രക്കാർക്ക് പണം തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾ നിരത്തിൽ തടയുന്നതും ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന പശ്ചാത്തലത്തിലുമാണ് ഗതാഗതമന്ത്രിയുടെ നിർദ്ദേശം.















