തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യസ സമ്പ്രദായത്തിന്റെ ഗുണനിലവാര തകർച്ചയെ ചൊല്ലി ബന്ധപ്പെട്ട് ഇടത് ബുദ്ധിജീവകൾ തമ്മിൽ പോര്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കളുടെ തുറന്ന് പറച്ചിലാണ് പോരിന് വഴിവെച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നവെന്നായിരുന്നു രാജൻ ഗുരുക്കളുടെ പരാമർശം. ചെയര്‍മാന്റെ കുമ്പസാരത്തിന് പിന്നാലെ ഇടത് അദ്ധ്യാപക സംഘടനകളും ബുദ്ധിജീവികളും രംഗത്ത് വന്നു. ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചടച്ച് സ്ഥലം കാലിയാക്കണമെന്നാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ഭീഷണി മുഴക്കി.
എഴുത്ത് എന്ന മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം തകർച്ച രാജൻ ഗുരുക്കൾ ചൂണ്ടിക്കാട്ടിയത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ നമ്മുടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പുറകിലാണ്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു. അപൂര്‍വ്വം പേരൊഴിച്ചാല്‍ എന്തെങ്കിലും മികവ് തെളിയിച്ചവര്‍ വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് പരിശീലനം ലഭിച്ചവരാണെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. ഇതിലെ മണ്ണുണ്ണി പരാമര്‍ശമാണ് ഇടത് അനുഭാവികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇതിനെ എതിർത്തുകൊണ്ടാണ് ‘ആരാണ് ഗുരുക്കളേ മണ്ണുണ്ണികൾ?’ എന്ന പേരിൽ ഇടത് ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കുന്ന പി കെ പോക്കർ ലേഖനമെഴുതി. ആർഎൽവി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ രാജൻ ഗുരുക്കളുടേതെന്നാണ് പി.കെ പോക്കറിന്റ വാദം.
കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കുളങ്ങരയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ രംഗത്ത് വന്നിരുന്നു. കടുത്ത ഭാഷയിലാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം വിമർശിച്ചത്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് മകൾക്ക് നേരിട്ട ദുരനുഭവം വിശദീകരച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇന്റർനാഷണൽ സിലബസ് എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഇരിക്കുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ഇവരാണ് നമ്മുടെ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആയിരുന്ന സാബു തോമസിനെ മുന്നിലിരുത്തി കൊണ്ടായിരുന്നു അദ്ദേഹം ഉന്നത വിദ്യാഭ്യാസ രംഗത്തിനെതിരെ തുറന്നടിച്ചത്.















