ന്യൂഡൽഹി : ഇന്ത്യയ്‌ക്ക് അഭിമാനമായി ഗുജറാത്തിലെ ഏകതാപ്രതിമ . ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ 8 അത്ഭുതങ്ങൾ പട്ടികയിലാണ് ഇന്ത്യയുടെ സ്റ്റാറ്റ്യു ഓഫ് യൂണിറ്റി ഇടം നേടിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. അംഗരാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്‌സിഒയുടെ ശ്രമങ്ങളെ ജയശങ്കർ അഭിനന്ദിക്കുകയും ചെയ്തു.
“അംഗരാജ്യങ്ങൾക്കിടയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള #SCO യുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. #StatueofUnity ഉൾപ്പെടുന്ന “എസ്‌സിഒയുടെ 8 അത്ഭുതങ്ങൾ” തീർച്ചയായും ഒരു പ്രചോദനമാകും,” എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. ചൈനയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ 2001-ല്‍ രൂപീകരിച്ച ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ , ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദേശിക സഹകരണ കൂട്ടായ്മയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ‘ഏകതാപ്രതിമ . 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടിയോളം വരും.
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു . 2018ലെ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31നാണു പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്
ഗോത്ര വിഭാഗത്തിൽ പെട്ട 3000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിച്ചുവെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. 10000 ത്തോളം ആളുകൾ പരോക്ഷമായും ‘ഏകതാപ്രതിമ’ യുമായി ബന്ധപ്പെട്ട് ഉപജീവനം നേടുന്നവരാണ്.