ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ. നൂറോളം വ്യാജമദ്യക്കേസുകളിലെ മുഖ്യപ്രതിയാണ് പിടിയിലായ ചിന്നദുരൈ എന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത് കടലൂരിൽ നിന്നാണ്.
കള്ളക്കുറിച്ചി വിഷബാധകേസിൽ മെഥനോൾ എത്തിച്ച മുഖ്യപ്രതി മാതേഷ് അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്ന് മെഥനോൾ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് മരക്കാന സ്വദേശി മാതേഷിനെ ചെന്നൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തതത്.
വ്യാജമദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി , സഹോദരൻ ദാമോദരൻ, ഗോവിന്ദരാജിന്റെ ഭാര്യ വിജയ എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കള്ളക്കുറിച്ചി കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അതിനിടെ കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.















