വെള്ളാപ്പള്ളിയേയും ക്രൈസ്തവ സംഘടനകളെയും ആക്രമിക്കുന്നത് നോക്കി നിൽക്കില്ല; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കണ്ടെന്ന് കെ സുരേന്ദ്രൻ

Published by
Janam Web Desk

പാലക്കാട്; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ വിമർശിച്ച സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കണ്ടെന്നും വെള്ളാപ്പള്ളിയേയും ക്രൈസ്തവ സംഘടനകളെയും ആക്രമിക്കുന്നത് നോക്കി നിൽക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പല്ലും നഖവും ഉപയോഗിച്ച് ബിജെപി ഇത് ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കേരളത്തിലെ മുസ്ലീം സമുദായം എങ്ങിനെ വോട്ട് ചെയ്തു എന്നതിനെക്കുറിച്ച് എംവി ഗോവിന്ദൻ മൗനം പാലിക്കുകയാണ്. സിപിഎമ്മിന് അകത്തെ മുസ്ലീം സഖാക്കൾ കോൺഗ്രസിനാണ് വോട്ട് ചെയ്തത്. കോഴിക്കോട്ടെയും ആലപ്പുഴയിലേയും വോട്ട് പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗങ്ങൾക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളളാപ്പളളി നടേശനെയും ക്രൈസ്തവ സഭാനേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചത്.

പണ്ട് സമത്വ മുന്നേറ്റ യാത്ര നടത്തിയപ്പോഴും അവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സിപിഎം ശ്രമിച്ചതാണെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. എസ്എൻഡിപി അടക്കമുള്ള ഹിന്ദു സംഘടനകളെ ഭീഷണിപ്പെടുത്തുകയാണ്. ഒരു കാര്യം മിതമായ ഭാഷയിൽ പറയാം. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ ഒരു സമുദായത്തിനും ഒരു പോറൽ പോലുമേൽക്കില്ല എന്ന് ഉറപ്പുവരുത്താനുളള ബാധ്യത ബിജെപിക്ക് ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കയ്യൂക്കും കായബലവും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെങ്കിൽ അവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് ജനാധിപത്യ സമ്പ്രദായത്തിലാണ്. വെളളാപ്പളളി നടേശനെയും ക്രൈസ്തവ സഭാ ആചാര്യൻമാരെയും ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കിൽ പല്ലും നഖവും ഉപയോഗിച്ച് അത് ചെറുക്കും. അവരെ സംരക്ഷിക്കാൻ ഞങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ആ കളി ഇനിയും ഇവിടെ നടക്കില്ല. നിങ്ങൾ കേരളം ഭരിക്കുന്നുണ്ടെങ്കിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ഈ പറയുന്നതെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. പ്രത്യേക ചില സമുദായങ്ങളുടെ പേരെടുത്ത് പറഞ്ഞ് നടത്തുന്ന ചില ഭീഷണികൾ ഇനിയും വിലപ്പോകില്ല. അത്തരം നടപടികൾ ഉണ്ടായാൽ ശക്തമായ ചെറുത്തുനിൽപ് നേരിടേണ്ടി വരുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

Share
Leave a Comment