ഗുവാഹത്തി: അസമിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 36 പേർ മരിച്ചതായി റിപ്പോർട്ട്. നാലുലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് വിവരം. കോപ്പിലി, ബാരാക്, കുഷിയറ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയാണ്. 19 ജില്ലകളിലായി 4 ലക്ഷം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ബജലി, ബക്സ, ബാർപേട്ട, ബിശ്വനാഥ്, കച്ചർ, ദറാങ്, ഗോൽപാറ, ഹൈലക്കണ്ടി, ഹോജയ്, കാംരൂപ്, കരിംഗഞ്ജ് , കൊക്രാജ്ഹർ, ലഖിമ്പുർ, നാഗൺ, നൽബാരി, സോണിത്പുർ, സൗത് സൽമാരാ, തമുൽപുർ, ഉദാൽഗുരി എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ചത് കരിംഗഞ്ചിനെയാണ്. 2.5 ലക്ഷം പേരാണ് ഇവിടെ ദുരന്തബാധിതർ.
100 ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി 14,000 ത്തോളം പേരാണ് അഭയം പ്രാപിച്ചിട്ടുള്ളത്. സംസ്‌ഥാനത്തെ പ്രളയ ബാധിതജില്ലകളിൽ നിരവധി റോഡുകളും പാലങ്ങളും തകർന്ന അവസ്‌ഥയിലാണ്. ദിവസങ്ങളായി തോരാതെ പെയ്യുന്ന കനത്ത മഴയാണ് പ്രളയത്തിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാകുന്നത് .സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.