ന്യൂഡൽഹി: ഹജ്ജ് യാത്രയ്‌ക്ക് പോയ ഇന്ത്യക്കാരിൽ 98 പേർ സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിൽ കടുത്ത ചൂട് ഉയരുന്ന സാഹചര്യത്തിൽ ലോകത്തെമ്പാടുനിന്നും ഹജ്ജിനെത്തിയ നിരവധി തീർത്ഥാടകർക്ക് ജീവഹാനി സംഭവിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നൂറിലധികം ഇന്ത്യൻ തീർത്ഥാടകർക്ക് അപായം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉയർന്ന സാഹചര്യത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരണം നടത്തിയത്.
2023ൽ മരണസംഖ്യ ഇതിലും കൂടുതലായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ 1,75,000 ഇന്ത്യക്കാരാണ് ഹജ്ജ് തീർത്ഥാടനത്തിന് പോയത്. ഇതിൽ 85 പൗരന്മാരെ നഷ്ടപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ, സൗദിയിലെ ഉയർന്ന താപനില തുടങ്ങിയ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. അറഫത് ദിനത്തിൽ പത്ത് ഇന്ത്യക്കാർ വിവിധ സാഹചര്യങ്ങളെ തുടർന്ന് മരിച്ചു. കഴിഞ്ഞ വർഷം ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 187 ആയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ ഓർമിപ്പിച്ചു.















