ലക്നൗ: രാജ്യങ്ങളുടെയും സമൂഹത്തിന്റെയും സമയത്തിന്റെയും പരിമിതികളെ മറികടന്ന് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്ന ഒന്നാണ് യോഗയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവർണർ ആനന്ദി ബെൻ പട്ടേലും യോഗാ ദിനാചരണത്തിൽ പങ്കെടുത്തു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ദുർഗ ശങ്കർ ഗവർണറെയും മുഖ്യമന്ത്രിയെയും തുളസി ചെടികൾ നൽകി സ്വീകരിച്ചു. യോഗ പരിശീലകർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
“ആളുകളെ ശാരീരികമായും മാനസികമായും ഒരുമിപ്പിക്കുന്ന സമഗ്രമായ അറിവാണ് യോഗ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഈ അവസരത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറോളം രാജ്യങ്ങൾ അന്തരാഷ്‌ട്ര യോഗ ദിനം ആചരിക്കാനും അതിലൂടെ നമ്മുടെ സമ്പന്നമായ ഇന്ത്യൻ പൈതൃകത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും കാരണമായി,” മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള മാദ്ധ്യമമായി യോഗ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ജാതി, പ്രദേശം , ഭാഷ, കാലം, ദേശം എന്നിവയുടെ അതിർവരമ്പുകൾ ഇല്ലാതാക്കാൻ യോഗയ്‌ക്ക് കഴിയും. യോഗ ദിനചര്യയിലുൾപ്പെടുത്തണമെന്നും കാലക്രമേണ അതിന്റെ ഗുണങ്ങൾ സ്വയം തിരിച്ചറിയുമെന്നും യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു.