ചെന്നൈ : കള്ളക്കുറിച്ചി കരുണാപുരത്ത് വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം 52 ആയി. ചികിത്സയിൽ കഴിയുന്ന 30 പേരുടെ നില ഗുരുതരമാണെന്ന് ഇന്നലെ (വെള്ളിയാഴ്ച) ജില്ലാ കളക്ടർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മരിച്ച 27 പേരുടെ കുടുംബങ്ങൾക്ക് കൈമാറിയതായി കലക്ടർ അറിയിച്ചു. ബാക്കിയുള്ളവർക്ക് ക്രമേണ ദുരിതാശ്വാസ തുക കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കുറിച്ചി ദുരന്തം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വിരമിച്ച ജഡ്ജി ഗോകുലദാസ് ഇന്നലെ (വെള്ളിയാഴ്ച) സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് അധികൃതരോട് ആരാഞ്ഞശേഷം കള്ളക്കുറിച്ചി കരുണാപുരത്ത് മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു.
തമിഴ്‌നാട് സർക്കാർ സിബിസിഐഡി എഡിഎസ്പി ഗോമതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്നലെ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണുക്കുട്ടി എന്ന ഗോവിന്ദരാജ്, ഭാര്യ വിജയ, ദാമോദരൻ, ചിന്നദുരൈ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 168 ആയെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 21 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത
സംഭവത്തിൽ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വനം ചെയ്തിട്ടുണ്ട്.















