ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശ്യകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനം.
ദ്വിദിന സന്ദർശനത്തിനായി രാജ്യത്ത് എത്തിയ ഷെയ്ഖ് ഹസീന വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കി. അവരുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തിപകരുന്നു. ഷെയ്ഖ് ഹസീനയുടെ വികസന കാഴ്‌ച്ചപ്പാടുകളെ അഭിനന്ദിക്കുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്‌ക്കാനാണ് സാധ്യത.
ഷെയ്ഖ് ഹസീനയുടെ സന്ദർശനം ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കഴിഞ്ഞ ജൂൺ 9 ന് നടന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഷെയ്ഖ് ഹസീനയും പങ്കെടുത്തിരുന്നു. വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയും ബംഗ്ലാദേശും.















