കൃഷി മാലിന്യം കത്തിക്കാൻ കർഷകർ തീയിട്ടു; അപ്രതീക്ഷിതമായി കാറ്റിന്റെ വേഗം കൂടി സമീപ ഗ്രാമങ്ങളിലേക്ക് തീ വ്യാപിച്ച് 11 മരണം; 78 പേർക്ക് പരിക്ക്

Published by
Janam Web Desk

അങ്കാറ: തെക്കുകിഴക്കൻ തുർക്കിയിലെ കാട്ടുതീയിൽ 11 പേർ മരിച്ചു. കൃഷിയിടങ്ങളിലുണ്ടായ തീപിടിത്തം കാറ്റ് മൂലം സമീപ ഗ്രാമങ്ങളിലേക്കും വ്യാപിച്ചതാണ് ദുരന്തത്തിന് കാരണം.

പ്രധാനമായും കുർദ്ദിഷ് ജനത താമസിക്കുന്ന തെക്കുകിഴക്കൻ തുർക്കിയിലെ ഗ്രാമങ്ങളിലേക്കാണ് കാട്ടുതീ പടർന്ന് പിടിച്ചത്. ഇതിൽ 11 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദിയാർബക്കിർ, മർഡിൻ നഗരങ്ങൾക്കിടയിൽ ഒറ്റരാത്രികൊണ്ട് ഉണ്ടായ തീപിടുത്തത്തിൽ എഴുപത്തിയെട്ട് പേർക്ക് പരിക്കേറ്റു, കുറഞ്ഞത് അഞ്ച് പേരെങ്കിലും തീവ്രപരിചരണ വിഭാഗത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി ഫഹ്‌റെറ്റിൻ കോക്ക എക്‌സിൽ പറഞ്ഞു. ദിയാർബക്കിറിന് 30 കിലോമീറ്റർ തെക്ക് ഭാഗത്ത് വ്യാഴാഴ്ച വൈകിയാണ് തീ പടർന്നതെന്നും ശക്തമായ കാറ്റിനെ തുടർന്ന് അഞ്ച് ഗ്രാമങ്ങളെ ബാധിച്ചതായും ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

തുർക്കിയിലെ മാർഡിനും ദിയാർബക്കറിനും ഇടയിൽ ഹെക്ടർ കണക്കിന് കൃഷിഭൂമിയുണ്ട്. ഈ കൃഷിഭൂമിക്ക് സമീപം ജനവാസമേറിയ വിവിധ ഗ്രാമങ്ങളുണ്ട്. വിളവെടുപ്പിനുശേഷം രാത്രി കൃഷിഭൂമിയിൽ കർഷകർ വിള മാലിന്യത്തിനു തീയിട്ടു. എന്നാൽ, അപ്രതീക്ഷിതമായി കാറ്റിന്റെ വേഗം കൂടിയതോടെ സമീപ ഗ്രാമങ്ങളിലെ വീടുകളിലേക്കും തീ അതിവേഗം പടർന്നു. വീശിയടിച്ച തീ കോക്സലൻ, യാസിസെഗി, ബാഗാസിക് ഗ്രാമങ്ങളിലൂടെ വേഗത്തിൽ പടർന്നു കയറി.രാത്രി ആകാശത്ത് വലിയ പുകപടലങ്ങൾ നിറച്ചു കൊണ്ട് തീ ആളിക്കത്തുന്നത്തിന്റെ ചിത്രങ്ങൾ നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയോടെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയതായി ദിയാർബക്കിർ ഗവർണർ അലി ഇഹ്‌സാൻ സു പറഞ്ഞു.

എന്നാൽ കുർദ്ദിഷ് മേഖലയിൽ ഉണ്ടായ ദുരന്തത്തിൽ സർക്കാർ വേണ്ടരീതിയിൽ പ്രതികരിച്ചില്ലെന്ന് കുർദ്ദിഷ് അനുകൂല പീപ്പിൾസ് ഇക്വാലിറ്റി ആൻഡ് ഡെമോക്രസി പാർട്ടി (ഡിഇഎം) പ്രസ്താവിച്ചു. സർക്കാരിന്റെ ഇടപെടലിനെ “വൈകിയതും അപര്യാപ്തവുമാണ്” എന്ന് പാർട്ടി വിമർശിച്ചു.

കനത്ത കാറ്റുമൂലം അയൽരാജ്യമായ ഗ്രീസിൽ പടർന്നു കയറിയ കാട്ടുതീ കാരണം ഗ്രീസിന്റെ തെക്കൻ പെലോപ്പൊന്നീസ് മേഖലയിലെ നിരവധി ഗ്രാമങ്ങൾ അധികൃതർ ഒഴിപ്പിച്ചു.ഗ്രീസിൽ ഒരാൾ മരിച്ചിട്ടുണ്ട്.

Share
Leave a Comment