പാല: ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന അന്തർ സംസ്ഥാന സർവ്വീസ് ബസ് മറിഞ്ഞ് അപകടം. പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിലാണ് അപകടം ഉണ്ടായത്. ബെംഗളൂരു – തിരുവല്ല – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
12 പേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. റോഡിൽ നിന്ന് ബസ് തെന്നിമാറിയാണ് മറിഞ്ഞത്. വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങി വന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
രാമപുരം, കരിങ്കുന്നം പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബസിൽ 15 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. ബെംഗളൂരുവിൽ നിന്ന് തിരിച്ചുളള യാത്രയിലായിരുന്നു ബസ്.















