ന്യൂഡൽഹി: വേഗമേറിയതും എളുപ്പവും സുരക്ഷിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന വിപ്ലവകരമായ പദ്ധതി ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ -ടിടിപി) കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഉത്‌ഘാടനം ചെയ്യും. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലായിരിക്കും പദ്ധതിയുടെ ഉത്‌ഘാടനം.
ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാർക്കും വേണ്ടി കേന്ദ്ര സർക്കാർ രൂപകൽപന ചെയ്ത പദ്ധതിയാണിത്. വേഗത, എളുപ്പം, വർദ്ധിപ്പിച്ച സുരക്ഷ എന്നിവയ്‌ക്ക് ഊന്നൽ നൽകി യാത്രാനുഭവം നവീകരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അപേക്ഷകർ ഓൺലൈൻ അപേക്ഷ ഫോം ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പൂരിപ്പിച്ച് നൽകണം. ബിയോമെട്രിക് ഡാറ്റയും ഇതോടൊപ്പം സമർപ്പിക്കണം. യോഗ്യതകൾ പരിശോധിച്ച ശേഷമാകും രജിസ്‌ട്രേഷൻ അന്തിമമായി അംഗീകരിക്കുക. അപേക്ഷയോടൊപ്പം നിശ്ചിത തുക പ്രോസസിംഗ് ചാർജായും നൽകണം.
അഞ്ച് വർഷം വരെയോ അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ കാലഹരണ തീയതി വരെയോ FTI രജിസ്‌ട്രേഷൻ നിലനിൽക്കും. അപേക്ഷിക്കുമ്പോൾ തങ്ങളുടെ പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കണം. കൂടാതെ, അപേക്ഷ നിരസിക്കാതിരിക്കാൻ നിലവിലെ താമസ സ്ഥലത്തിന്റെ വിലാസം നൽകേണ്ടത് അത്യാവശ്യമാണ്.