തിരുവനന്തപുരം: സംസ്ഥാനത്ത് ഛർദ്ദിയും വയറിളക്ക രോഗങ്ങളും പടരുന്നു. ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിളപ്പിച്ച വെള്ളം കുടിക്കാനും കേടുവന്ന ആഹാരം കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.
സർക്കാർ ആശുപത്രികളിൽ മാത്രം ഈ മാസം നാലായിരത്തോളം ആളുകളാണ് വയറിളക്കം പിടിപെട്ട് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയെടുത്താൽ ഇതിലും കൂടുമെന്നാണ് നിഗമനം. ശുദ്ധീകരിക്കാത്ത വെള്ളത്തിലൂടെയാണ് ഛർദ്ദിയും വയറിളക്കവും കൂടുതലായി പടരുന്നതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പുകളിൽ നിന്ന് ഉപയോഗിക്കുന്ന ജലമാണെങ്കിൽ പോലും തിളപ്പിക്കാതെ കുടിക്കരുതെന്നും പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
കുടിക്കുന്ന വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം മാത്രം കുടിക്കുക. ചുരുങ്ങിയത് 10 മിനിറ്റോളം തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ഫിൽറ്ററിൽ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ചതിന് ശേഷം കുടിക്കുക. കിണറുകൾ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വൃത്തിഹീനമായ അന്തരീക്ഷമില്ലെന്ന് ഉറപ്പു വരുത്തുക. കേടുവന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.