ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ 6,959 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം കേന്ദ്രസർക്കാരിന് കൈമാറി എസ്ബിഐ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എസ്ബിഐ ചെയർമാൻ ദിനേശ് ഖരയിൽ നിന്ന് ഡിവിഡന്റ് ചെക്ക് ഏറ്റുവാങ്ങി. ലാഭവിഹിതം ഏറ്റുവാങ്ങുന്ന ചിത്രം മന്ത്രി എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
മുൻ സാമ്പത്തിക വർഷം 5,740 കോടി രൂപയായിരുന്നു എസ്ബ്ഐ കേന്ദത്തിന് നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിൽ എസ്ബിഐ ഓഹരി ഉടമകൾക്ക് 13.70 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ സാമ്പത്തിക വർഷത്തിൽ 67,085 കോടിരൂപയുടെ
റെക്കോർഡ് അറ്റാദായമാണ് ബാങ്ക് നേടിയെടുത്തത്. മുൻ സാമ്പത്തിക വർഷം ഇത് 55,648 കോടി രൂപയായിരുന്നു.
എസ്ബിഐക്ക് പുറമെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയും ലാഭവിഹിതം നൽകിയിട്ടുണ്ട്.
പൂനെ ആസ്ഥാനമായുള്ള ബാങ്ക് 857 കോടി രൂപ ലാഭവിഹിതമാണ് ധനകാര്യമന്ത്രാലത്തിന് നൽകിയത്. ബാങ്കിന്റെ 86.46 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാരിന്റെ പക്കലുള്ളത്. 2023- 2024 സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ അറ്റാദായം 55.84 ശതമാനം വർദ്ധിച്ച് 4,055 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം 2,602 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം.