പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനി ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോള വിരുദ്ധ സമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ദുരിത ബാധിതരെ സർക്കാർ വഞ്ചിക്കുകയാണെന്നും നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവയ്‌ക്കണമെന്നും കോള വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുന്നതിലൂടെ സർക്കാർ കോള കമ്പനിയെ സഹായിക്കുകയാണെന്നും മറ്റ് കമ്പനികൾക്ക് ഭൂമി കൈമാറിയാൽ വീണ്ടും പ്ലാച്ചിമടയിലെ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. നഷ്ടപരിഹാരത്തിൽ എത്രയും പെട്ടന്ന് തീരുമാനമുണ്ടാക്കണമെന്നാണ് കോള വിരുദ്ധ സമിതിയുടെ ആവശ്യം.
ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡിന്റെ 35 ഏക്കർ ഭൂമിയാണ് പ്ലാച്ചിമടയിലുള്ളത്. ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമായിരുന്നു പാലക്കാട് ആർഡിഒയുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കമ്പനിയോ സർക്കാരോ ദുരിത ബാധിതർക്ക് സഹായം എത്തിച്ചു നൽകുന്നതിനോ നഷ്ടപരിഹാരം നൽകുന്നതിനോ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.















