ബ്രദർ ഓഫ് തോർ; പുതുതായി കണ്ടെത്തിയ ദിനോസർ ഫോസിലിന് ലോകി ദേവന്റെ പേരിട്ട് ശാസ്ത്രലോകം

Published by
Janam Web Desk

ഒരുകാലത്ത് ഭൂമിയെ വിറപ്പിച്ച മൃഗങ്ങളിലൊന്നായിരുന്നു ദിനോസറുകൾ. ഇവയെ ചുറ്റിപറ്റിയുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തലിൽ ഇതിനോടകം നിരവധി ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ 78 മില്യൺ വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരിനം ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

നാലുകാലിൽ നടന്നിരുന്ന സസ്യാഹാരിയായ ദിനോസറിന്റെ ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്. യുഎസിലെ മോണ്ടാനയിൽ നിന്ന് കണ്ടെടുത്ത ഫോസിലിന് ലോകിസെറാടോപ്‌സ് റംഗിഫോർമിസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഏകദേശം 40 സെന്റിമീറ്റർ നീളമുള്ള രണ്ട് കൊമ്പുകളാണ് ഇവയുടെ പ്രത്യേകത. 6.7 മീറ്റർ നീളവും 5,500 കിലോ ഗ്രാം ഭാരവുമുള്ള ഈ ദിനോസറുകൾക്ക് ഇരുകവിളിലുമായി വേറെയും രണ്ട് കൊമ്പുകളുണ്ട്. കിരീടം പോലെ തലയ്‌ക്ക് മുകളിലും 21 കൊമ്പുകളുണ്ട്. നോഴ്‌സ് ഐതിഹ്യങ്ങളിലെ ദേവനായ ലോകിയുടെ കൊമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ ദിനോസറുകളുടെ കൊമ്പുകൾ. അതിനാലാണ് ഇവയ്‌ക്ക് ലോകിയുമായി ബന്ധപ്പെട്ട പേര് ലഭിച്ചതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആധുനിക സാഹിത്യത്തിൽ തോർ ദേവന്റെ സഹോദരനായി ലോകി ദേവനെ കണക്കാക്കുന്നു.

Share
Leave a Comment