ന്യൂഡൽഹി: ജലക്ഷാമത്തിൽ ആം ആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന. ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ മറ്റു സംസ്ഥാനങ്ങളുടെ മേൽ പഴിചാരാനുള്ള അവസരമായാണ് ആം ആദ്മി പാർട്ടി കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് രാഷ്‌ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
“ഡൽഹി കടുത്ത ജലക്ഷാമം നേരിടുമ്പോൾ ആം ആദ്മി സർക്കാരിന്റെ കഴിഞ്ഞ കുറച്ച് ആഴ്ചകളായുള്ള പ്രഭാഷണങ്ങളും പ്രവർത്തങ്ങളും സംശയം ഉളവാക്കുന്നതാണ്. കുടിവെള്ള വിതരണം തലസ്ഥാനത്തു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. എന്നാൽ സർക്കാർ ഇത് അയൽസംസ്ഥാങ്ങളെ കുറ്റപ്പെടുത്തി അതിൽ രാഷ്‌ട്രീയ നേട്ടം കണ്ടെത്താനുള്ള അവസരമായാണ് കാണുന്നത്,” അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ കുടിവെള്ള വിതരണത്തിന് പ്രധാനമായും ഹരിയാന, ഉത്തർപ്രദേശ് എന്നീ അയൽ സംസ്ഥാനങ്ങളെയാണ് പൊതുവെ ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സുപ്രീം കോടതി ഇടപെട്ടുകൊണ്ട് സ്ഥാപിതമായിട്ടുള്ള വ്യവസ്ഥകൾ പിന്തുടർന്നാണ്. ഇങ്ങനെ ലഭ്യമാകുന്ന ജലം കൃത്യമായി ഡൽഹിയിലെ ജനങ്ങൾക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. മാത്രം
ഡൽഹി കടുത്ത ജലക്ഷാമം നേരിടുമ്പോഴും നേതാക്കൾ അയൽസംസ്ഥാങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാനാണ് ശ്രമിക്കുന്നത്. ഡൽഹി ജല വിഭവ വകുപ്പ് മന്ത്രി അതിഷി ഹരിയാന ജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത്തരം രാഷ്‌ട്രീയ നാടകങ്ങൾ അവസാനിപ്പിക്കണമെന്നും വികെ സക്‌സേന ആവശ്യപ്പെട്ടു.