ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ആരോഗ്യമന്ത്രാലയം കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിനുളള മുൻകരുതലിന്റെ ഭാഗമായിട്ടാണ് നീക്കമെന്നും വിശദീകരിച്ചു.
രാജ്യത്തെ 52,000 ത്തോളം പിജി സീറ്റുകളിലേക്കായി രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനിരുന്നത് നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് നടപടി.
ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിൽ നീറ്റ് പിജി പരീക്ഷയെകുറിച്ച് വിശദമായ വിലയിരുത്തൽ നടത്താൻ തീരുമാനിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആണ് നീറ്റ് പിജി പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള ഏജൻസി .
ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) മേധാവിയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് പിജി പരീക്ഷ മാറ്റിയതായി സർക്കാർ അറിയിച്ചത്. നീറ്റ്-നെറ്റ് ചോദ്യ പേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള എൻടിഎ അദ്ധ്യക്ഷൻ സുബോധ് കുമാർ സിംഗിനെ മാറ്റിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻടിഎയുടെ പുതിയ ഡയറക്ടർ ജനറലായി പ്രദീപ് സിംഗ് ഖരോലയെ നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവും ഇറക്കി.















