മലയാളസിനിമയിലെ സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ട് ചേർന്ന് മെനഞ്ഞ സിനിമകള്‍ മലയാളിയുടെ അക്കാല ജീവിതത്തിന്റെ നേര്‍ പകര്‍പ്പുകളായിരുന്നു. പുറമേക്ക് ചിരിപ്പിച്ചു കൊണ്ട് അകമേ കരയിപ്പിച്ച കഥകള്‍. ഇപ്പോഴിതാ സന്ദേശം സിനിമ ഇറങ്ങിയ സമയത്ത് തങ്ങൾക്ക് ഒരുപാട് ഊമ കത്തുകൾ വരുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട് .
ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ വരുന്ന അറ്റാക്കുകൾ ഒന്നും ഒന്നുമല്ലെന്നും. അന്നൊക്കെ നല്ല പച്ചത്തെറികളാണ് വന്നിരുന്നതെന്നും സത്യൻ അന്തിക്കാട് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ ഊമക്കത്തുകളാണ് വരുന്നത് . ഇത്തരം കത്തുകൾ വന്നാൽ താൻ ഇല്ലാത്തപ്പോൾ പൊട്ടിക്കരുതെന്ന ഡിമാന്റ് ശ്രീനിവാസൻ വെച്ചിരുന്നു. ശ്രീനിവാസനെ തേടിയും ഇഷ്ടം പോലെ കത്തുകൾ വരും. കത്തുകൾ എല്ലാം കൂമ്പാരം പോലെ വെച്ചിട്ട് ശ്രീനിവാസൻ ഓരോന്നായി എടുത്ത് ആ കത്തെഴുതിയ ആളുടെ അതേ മനോഭാവത്തോടെ എക്സ്പ്രഷനിട്ട് വായിക്കും. എടാ പട്ടി… നിനക്ക് നാണമുണ്ടോടാ എന്നൊക്കെ ചോദിച്ചാണ് കത്തുകൾ.
ശ്രീനി കത്ത് വായിക്കുന്നതിന് ഒപ്പം അഭിനയിക്കും ഞങ്ങൾ ചിരിച്ച് മറിയും. ശ്രീനി ഒരു കത്ത് വായിച്ച് കഴിയുമ്പോൾ ഒരു കത്ത് ഞാൻ വായിക്കും. ഞങ്ങൾക്ക് അതെല്ലാം ഒരു തമാശയാണ്. കാരണം ആ സിനിമ ഞങ്ങളിൽ നിന്നും പോയി കഴിഞ്ഞു.അത് അന്ന് ചെയ്ത് കഴിഞ്ഞ സിനിമയല്ലേ ‘ എന്നും സത്യൻ അന്തിക്കാട് പറയുന്നു .