ജമ്മു: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയാൻ നടത്തിയ ഓപ്പറേഷൻ ബജ്‌രംഗിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സൈന്യം. ജമ്മുകശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. പ്രത്യേക ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ ബജ്‌രംഗ്.
പ്രദേശത്ത് ഇപ്പോഴും ഭീകരർക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതിനുമുൻപും പ്രദേശത്ത് നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഏറ്റുമുട്ടലുകളും നടന്നിരുന്നു. ഗൊഹല്ലാൻ പ്രദേശത്തെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സൈന്യം ഇന്നലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ ഉറി സെക്ടറിൽ ആരംഭിച്ചത്.
ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ ആഴ്ച ആദ്യം വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.















