അഗർത്തല: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സമ്മാനമായി 500 കിലോ പൈനാപ്പിൾ കയറ്റി അയച്ച് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. ‘ക്വീൻ’ ഇനത്തിൽപെട്ട പൈനാപ്പിളുകളാണ് അഖുര ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് വഴി ബംഗ്ലാദേശിലേക്ക് അയച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ത്രിപുര സർക്കാർ പ്രതിനിധികൾ പറഞ്ഞു.
750 ഗ്രാം ഭാരമുള്ള പൈനാപ്പിളുകളുടെ 6 എണ്ണം വീതമുള്ള 100 പാക്കറ്റുകളാണ് അയച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചയിനമാണ് ക്വീൻ പൈനാപ്പിളുകൾ. ഇവയാണ് ബംഗ്ലാദേശിലേക്ക് അയച്ചുനൽകിയതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ദീപക് ബൈദ്യ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ആഴത്തിൽ വേരൂന്നിയ ബന്ധമാണുള്ളതെന്നും അത് കൂടുതൽ സൗഹൃദപരമാകാൻ ഇത്തരം സമ്മാനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷവും ത്രിപുര മുഖ്യമന്ത്രി ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് പൈനാപ്പിളുകൾ അയച്ചു നൽകിയിരുന്നു. പകരമായി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് ‘ഹരിഭംഗ’ മാമ്പഴങ്ങളും അയച്ചുനൽകി.