മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ ആരെയും തെറ്റുപറയാൻ സാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു മുസ്തഫയുടെ പ്രതികരണം. വിദ്യാഭ്യാസ രംഗത്ത് മലബാറിനോടുള്ള അവഗണന തുടരുമ്പോൾ കേരളം വിഭജിക്കണമെന്ന ആവശ്യം ആരെങ്കിലും ഉയർത്തി പിടിച്ചാൽ തെറ്റു പറയാൻ കഴിയില്ല. പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സമരത്തിനിറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടതിന് ശേഷമായിരിക്കും പിന്മാറുകയെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
” ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാൻ കഴിയാത്തവരാണ് കേരള സർക്കാർ. അവരുടെ ഉത്തരവാദിത്വം നേതാക്കൾ മറക്കുമ്പോൾ നാട്ടിൽ സമരങ്ങളും ബാനറുകളും ഉടലെടുക്കും. ചില വിഘടനവാദങ്ങളിലേക്ക് പോലും ഇത് എത്തിച്ചേരാറുണ്ട്. മലബാറെന്നും തെക്കൻ കേരളമെന്നും വേർതിരിച്ച് അവഗണന കാണിക്കുമ്പോൾ ആരെങ്കിലും മലബാറിന്റെ ഭരണം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ടാൽ കുറ്റം പറയാൻ സാധിക്കില്ല. ഇതൊരു വിഘടനവാദമാണെന്ന് പറയുന്നതിലൊന്നും അർത്ഥമില്ല.”- മുസ്തഫ മുണ്ടുപാറ പറഞ്ഞു.
തെക്കൻ കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയാണ് മലബാറിലെ ജനങ്ങളും നൽകുന്നത്. കേരളം രണ്ടായി വിഭജിച്ച് പ്രത്യേകമായി മലബാർ സംസ്ഥാനമാക്കി മാറ്റിയാൽ എന്താണ് വരാൻ പോകുന്നതെന്നും മുസ്തഫ ചോദിച്ചു. ഭരണാധികാരികൾ നീതി പാലിക്കാതെ വരുമ്പോഴാണ് രാജ്യം തകരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിലുള്ളതായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രസംഗം. ഭിന്നിപ്പിച്ചു ഭരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസംഗമാണ് മുസ്തഫ നടത്തിയതെന്ന വിമർശനവും ഇതോടെ ശക്തമായിരിക്കുകയാണ്.















