ബഹിരാകാശത്ത് നിന്ന് പകർത്തുന്ന ഭൂമിയുടെ ചിത്രങ്ങൾ എപ്പോഴും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ബഹിരാകാശത്ത് നിന്നും നോക്കിയാൽ രാമസേതു പാലം എങ്ങനെയിരിക്കും? ആ മനോഹരക്കാഴ്ച പകർത്തിയിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി.
ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനെൽ-2 എന്ന സാറ്റ്‌ലൈറ്റ് പകർത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ചെറിയ നൂലുപോലെ കിടക്കുന്ന രാമസേതു പാലം ചിത്രത്തിൽ കാണാം.. രാമസേതുവിന് ചുറ്റുമുള്ള മണൽത്തിട്ടകളിലേക്ക് വ്യത്യസ്ത ഇനം പക്ഷികൾ എത്താറുണ്ട്. അവയുടെ പ്രജനനം ഇവിടെ വച്ച് നടക്കുന്നു. ധാരാളം വൈവിധ്യങ്ങളുടെ മായാലോകമാണിവിടം. അധികം ആഴമില്ലാത്ത കടൽ വെള്ളത്തിൽ ഒട്ടനവധി വ്യത്യസ്തയിനം പുല്ലുകളും സസ്യങ്ങളും വളരുന്നു. ഡോൾഫിനുകളും, കടലാമകളും ഈ കടലിൽ സൗര്യവിഹാരം നടത്തുന്നുവെന്നും മനോഹരമായ കാഴ്ചകളാണ് രാമ സേതു സമ്മാനിക്കുന്നതെന്നും യൂറോപ്യൻ സ്‌പേസ് ഏജൻസി കുറിച്ചു.
ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരത്തിനും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിൽ 48 കിലോമീറ്റർ നീളത്തിൽ ചുണ്ണാമ്പുകല്ലുളാൽ നിർമിതമായതാണ് ഈ പാലം. നിരവധി നിഗൂഢതകളാണ് രാമ സേതുവിനെ ചുറ്റിപറ്റി നിലനിൽക്കുന്നത്. ഇത് മനുഷ്യനിർമിതമാണെന്നും അല്ലെന്നും ചിലർ പറയുന്നു.
ലങ്കയിലേക്കെത്താൻ ശ്രീരാമനും വാനരപ്പടയും നിർമിച്ച പാലമാണിതെന്ന് പുരാണത്തിൽ പറയപ്പെടുന്നു. പവിഴപ്പുറ്റുകളിലെ മണൽ ട്രാപ്പിംഗ് കാരണമുണ്ടാകുന്ന ചുണ്ണാമ്പാണ് കല്ലുകളിൽ ചുണ്ണാമ്പുണ്ടാവാൻ കാരണമെന്നും ഇത് പ്രകൃതിദത്ത ഘടനയാണെന്നുമാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഇത്തരത്തിൽ പല വാദങ്ങളും നിലനിൽക്കുമ്പോഴും ആകാശത്തെ മാസ്മരികക്കാഴ്ചയായും ഭൂമിയിലെ വിസ്മയക്കാഴ്ചയായും രാമ സേതു നിലനിൽക്കുന്നു.















