മോസ്‌കോ : റഷ്യയിലെ ഡാഗെസ്താനിൽ രണ്ടു ക്രിസ്ത്യൻ പള്ളികൾക്കും ഒരു ജൂത സിനഗോഗിനും നേരെ മത തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വൈദികനെ തിരിച്ചറിഞ്ഞു. ഓർത്തോക്സ് വൈദികനായ ഫാദർ നിക്കോളായ് കോട്ടെൽനിക്കോവിനെയാണ് റഷ്യയിലെ പള്ളിയിൽ തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഡെർബെൻ്റിലെ ഓർത്തഡോക്സ് പള്ളിയിൽ നാൽപ്പത് വർഷത്തിലേറെയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഫാദർ നിക്കോളായ്.
ഞായറാഴ്ച വൈകുന്നേരത്തെ കുർബാന ശുശ്രൂഷയ്ക്ക് തൊട്ടുപിന്നാലെ ഡെർബെന്റിലുള്ള വാഴ്‌ത്തപ്പെട്ട കന്യകാമറിയത്തിന്റെ മധ്യസ്ഥത പള്ളിയിലേക്ക് അതിക്രമിച്ചുകയറിയ മത തീവ്രവാദികൾ 66 കാരനായ വൈദികനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. റീജിയണൽ പബ്ലിക് ഓവർസൈറ്റ് കമ്മിറ്റി തലവൻ ഷാമിൽ ഖദുലേവ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചു. പള്ളിയിൽ ജോലി ചെയ്തിരുന്ന മിഖായേൽ എന്ന സെക്യൂരിറ്റി ജീവനക്കാരനും അക്രമികളുടെ വെടിയേറ്റു . ഒരു ഗ്യാസ് പിസ്റ്റൾ മാത്രമാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത്. അതിനിടെ, മറ്റ് വൈദികർ പെട്ടെന്ന് പള്ളിയിൽ കയറി ഉള്ളിൽ നിന്നും പൂട്ടിയതിനാൽ രക്ഷപ്പെട്ടു.

1980 കളുടെ തുടക്കത്തിൽ, റഷ്യയിലെ മത നിയമങ്ങളിൽ മാറ്റം വന്നുകൊണ്ടിരുന്ന കാലത്താണ് ഫാദർ നിക്കോളായ് കോട്ടെൽനിക്കോവ് തെക്കൻ റഷ്യൻ നഗരമായ സ്റ്റാവ്രോപോളിൽ നിന്ന് ഡാഗെസ്താനിലേക്ക് നിയോഗിക്കപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം ഡെർബെന്റിലുള്ള വാഴ്‌ത്തപ്പെട്ട കന്യാമറിയത്തിന്റെ മധ്യസ്ഥത പള്ളിയിൽ (Church of the Intercession of the Holy Virgin of Derbent ) സേവനമനുഷ്ഠിച്ചു. ജറുസലേമിൽ നിന്ന് റഷ്യയിലേക്ക് ‘വിശുദ്ധ അഗ്നി’ എത്തിക്കുന്ന ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ആ പ്രദേശത്ത് പ്രശസ്തനും ആദരണീയനുമായിരുന്ന അദ്ദേഹത്തിന്റെ മരണം പലരെയും ഞെട്ടിച്ചിരിക്കുകയാണ്.ഫാദർ നിക്കോളയുടെ കൊലപാതകം മേഖലയിലെ മതനേതാക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.മറ്റുള്ളവരെ സേവിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ച ഫാദർ നിക്കോളായുടെ മരണം ഡാഗെസ്താനിലെ ജനങ്ങൾക്ക് തീരാനഷ്ടമാണ്.
തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഒരു സിനഗോഗിനും രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ട്രാഫിക് പോലീസ് സ്‌റ്റേഷനും നേരെ ഞായറാഴ്ച അജ്ഞാതരായ അക്രമികൾ തുടർച്ചയായി ആക്രമണം നടത്തുകയായിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കുറഞ്ഞത് 34 പേർക്ക് പരിക്കേറ്റു, അവരിൽ 27 പേർ നിയമപാലകരാണ്. മൊത്തം നാല് തീവ്രവാദികളെ മഖച്കലയിൽ സുരക്ഷാ സേന “ഉന്മൂലനം” ചെയ്തതായി പ്രാദേശിക ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ ഡെർബെൻ്റിലെ ഒരു ഓർത്തഡോക്സ് പള്ളിയാണ് പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത പള്ളി അഥവാ ചർച്ച് ഓഫ് ദി ഇൻ്റർസെഷൻ ഓഫ് ദി ഹോളി വിർജിൻ. റഷ്യൻ ഓർത്തഡോക്സ് സഭയുടെ മഖച്കല രൂപതയുടെതാണ് ഇടവക . 2011 വരെ ഈ പള്ളി അസർബൈജാനിലെ ബാക്കു രൂപതയുടെ വകയായിരുന്നു . നഗരത്തിൽ നിലനിൽക്കുന്ന ഒരേയൊരു ഓർത്തഡോക്സ് പള്ളിയാണിത്.
റഷ്യയുടെ തെക്കേ അറ്റമായ റിപ്പബ്ലിക് ഓഫ് ഡാഗെസ്താൻ കിഴക്കൻ യൂറോപ്പിലെ വടക്കൻ കോക്കസസിൽ കാസ്പിയൻ കടലിനോട് ചേർന്നുസ്ഥിതി ചെയ്യുന്നു . തെക്കും തെക്കുപടിഞ്ഞാറുമായി അസർബൈജാൻ , ജോർജിയ എന്നീ രാജ്യങ്ങളുമായി കര അതിർത്തികൾ പങ്കിടുന്നു , പടിഞ്ഞാറും വടക്കും റഷ്യൻ റിപ്പബ്ലിക്കുകളായ ചെച്നിയ , കൽമീകിയ , വടക്കുപടിഞ്ഞാറ് സ്റ്റാവ്രോപോൾ ക്രെയ് . റിപ്പബ്ലിക്കിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് മഖച്കല. നിലവിലെ റഷ്യൻ പ്രദേശത്തിനുള്ളിൽ ആദ്യമായി മുസ്ലീങ്ങളായി മാറിയത് ഡാഗെസ്താനി ജനതയാണ്. 2012 ലെ ഒരു സർവേ പ്രകാരം, ഡാഗെസ്താനിലെ ജനസംഖ്യയുടെ 83% ഇസ്ലാം മത വിശ്വാസികളാണ്.















