ഭുവനേശ്വർ: ദേശീയ പുരുഷ- വനിതാ ഹോക്കി ടീമിനെ 2036 വരെ ഒഡീഷ സർക്കാർ സ്‌പോൺസർ ചെയ്യും. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി, ജനറൽ സെക്രട്ടറി ഭോലനാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് 2033 വരെയുണ്ടായിരുന്ന സ്‌പോൺസർഷിപ്പ് 3 വർഷത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചത്.
2036-ന് ഒഡീഷയുടെ ചരിത്രത്തിൽ സുപ്രധാന പങ്കാണുള്ളത്. സംസ്ഥാനം രൂപീകരിച്ചിട്ട് 100 വർഷം തികയും. ഹോക്കി ഇന്ത്യയെ സ്‌പോൺസർ ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ കായിക രംഗത്ത് മാറ്റമുണ്ടാകുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമായും കായിക -യുവജന ക്ഷേമ സഹമന്ത്രി സൂര്യബൻഷി സൂരജുമായി ഹോക്കി ഇന്ത്യ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹോക്കിയെ ഉന്നതങ്ങളിലേക്കെത്തിക്കാൻ കൂടിക്കാഴ്ച സഹായകരമായി. ഹോക്കിയ്‌ക്ക് ഒഡീഷ സർക്കാർ നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.
2018ലും 2023ലും ഒഡീഷ സർക്കാർ പുരുഷ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. മുൻ ഒഡീഷ സംസ്ഥാന സർക്കാരിന്റെ കാലത്ത് 2033 വരെ സ്പോൺസർഷിപ്പുണ്ടായിരുന്നു. 2018 മുതൽ ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്നതും ഒഡീഷയാണ്.















