കോഴിക്കോട്: ജന്മനാ ഓട്ടിസം ബാധിച്ച ഒളവണ്ണ സ്വദേശി സുമിജയ്‌ക്കും കുടുംബത്തിനും കൈത്താങ്ങായി ‘സക്ഷമ’. കുടുംബത്തിന് ശുചിമുറി നിർമ്മിച്ച് നൽകുകയും സുമിജയ്‌ക്ക് വീൽചെയറും സംഘടന സമ്മാനിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ. സുമിജയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന്റെ വാർത്ത ജനം ടിവി നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു.
ശുചിമുറിയില്ലാത്തതിന്റെ ദുഖമായിരുന്നു ഞങ്ങൾക്ക്. വീൽചെയറ് ലഭിച്ചതോടെ ഇനി മോളെ എടുത്തു കൊണ്ട് നടക്കേണ്ട,1.5 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നും സുമനസുകളുടെ സഹായത്താൽ കടം വീട്ടാൻ സാധിച്ചാൽ ജപ്തി ഒഴിവാകുമെന്നും സുമിജയുടെ കുടുംബം പ്രതികരിച്ചു.
സുമനസുകളുടെ സാമ്പത്തിക സഹായത്തിലൂടെയാണ് സുമിജയ്‌ക്കും കുടുംബത്തിനും കൈത്താങ്ങാവൻ സാധിച്ചത്. കഷ്ടതയനുഭവിക്കുന്ന ആളുകളെ വ്യക്തിപരമായി കണ്ട് പ്രശ്‌നങ്ങൾ മനസിലാക്കാനും സൗകര്യങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് സക്ഷമ പ്രതിനിധി ജനം ടിവിയോട് പ്രതികരിച്ചു.















