ഇസ്ലാമാബാദ്: പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി ഖവാജ ആസിഫ്. പാകിസ്താൻ പാർലമെന്റിലാണ് ഖവാജ ആസിഫിന്റെ കുറ്റസമ്മതം. മതത്തിന്റെ പേരിൽ അവരെ ലക്ഷ്യമിട്ടുളള ആക്രമണമാണ് നടക്കുന്നതെന്നും ഖവാജ ആസിഫ് തുറന്നുപറഞ്ഞതായി ഡോൺ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തു.
ന്യൂനപക്ഷങ്ങൾ ദിവസവും കൊല്ലപ്പെടുകയാണ്. ഒരു മതന്യൂനപക്ഷങ്ങളും പാകിസ്താനിൽ സുരക്ഷിതമല്ല. മുസ്ലീങ്ങളിലെ ചെറുവിഭാഗങ്ങൾ പോലും സുരക്ഷിതരല്ലെന്നും ഖവാജ ആസിഫ് സമ്മതിച്ചു. ദൈവനിന്ദ ആരോപിച്ച് ആൾക്കൂട്ട വിചാരണയും കൊലപാതകവും നടത്തുന്ന സമീപകാല സംഭവങ്ങളെ അപലപിക്കുന്ന പ്രമേയം പാകിസ്താൻ സർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഖവാജ ആസിഫിന്റെ കുറ്റസമ്മതം.
ആക്രമണങ്ങളുടെ ഇരകളിൽ അധികവും മതനിന്ദാ ആരോപണവുമായി ബന്ധമില്ലാത്തവരാണെന്നും വ്യക്തിവിരോധത്തിന്റെ പേരിലാണ് ഇവർ വേട്ടയാടപ്പെടുന്നതെന്നും ഖവാജ ആസിഫ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളായ സഹോദരി, സഹോദരൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും രാജ്യത്ത് ഭൂരിപക്ഷ വിഭാഗങ്ങളെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.















