ന്യൂഡൽഹി: പാർലമെന്റ് അംഗം എന്ന നിലയിൽ ലഭിച്ച ഉത്തരവാദിത്വം പൂർണ അർപ്പണബോധത്തോടെ നിർവ്വഹിക്കുമെന്ന് മാണ്ഡി എംപി കങ്കണ റണാവത്ത്. ലോക്‌സഭയിൽ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കണ.
ജനങ്ങളെ സേവിക്കാൻ ലഭിച്ച അവസരത്തിൽ പൂർണ അർപ്പണ മനസോടെ അത് നിർവ്വഹിക്കുമെന്ന് കങ്കണ പറഞ്ഞു. വികസിത, സ്വയംപര്യാപ്ത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എല്ലാവരും ഒരുമിച്ച് രാവും പകലും പ്രയത്‌നിക്കുമെന്നും കങ്കണ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പറഞ്ഞതുപോലെ പാർലമെന്റിൽ പ്രതിപക്ഷം ഉയരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും കങ്കണ പറഞ്ഞു. അവർ പാർലമെന്റിന്റെ മേശപ്പുറത്ത് കാര്യമായ എന്തെങ്കിലും കൊണ്ടുവരുമോ അതോ ബഹളമുണ്ടാക്കി രസിക്കുമോയെന്ന് നോക്കാം എന്നായിരുന്നു കങ്കണയുടെ വാക്കുകൾ.
ബോളിവുഡ് നടിയായ കങ്കണ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും എംപിയാകുന്നതും. കോൺഗ്രസിന്റെ വിക്രമാദ്യത്യ സിംഗിനെയാണ് കങ്കണ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. നടിയായിരിക്കെ സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളിൽ കങ്കണയുടെ ഇടപെടൽ ഏറെ ശ്രദ്ധ നേടിയിരുന്നു.