ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ കുമാർ ദേക്കയുടെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം. ഹിമാചൽ കേഡറിൽ പെട്ട 1988 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ദേക്ക. കമ്യൂണിസ്റ്റ് ഭീകരത നേരിടുന്നതിലും ബസ്തറിൽ ഉൾപ്പെടെ മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിലും മികച്ച പ്രവർത്തനമാണ് തപൻ ദേക്ക നടത്തിയിരുന്നത്.
കാലാവധി നീട്ടി നൽകാൻ ക്യാബിനറ്റിന്റെ നിയമനകാര്യ സമിതിയും അംഗീകാരം നൽകി. ജൂൺ 30 മുതൽ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഐബിയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തുളള അനുഭവ പരിചയം ഉണ്ട്. ഐബിയുടെ ഓപ്പറേഷൻസ് വിഭാഗം ജോയിന്റ് ഡയറക്ടറായിരുന്നു.
വടക്കുകിഴക്കൻ മേഖലയിൽ 1990 മുതൽ പ്രവർത്തിക്കുന്ന ദേക്ക ഈ മേഖലയിലെ നുഴഞ്ഞുകയറ്റങ്ങൾ നേരിടുന്നതിലും നിയന്ത്രിക്കുന്നതിലും സാമർത്ഥ്യം തെളിയിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഇന്ത്യയിലെ തീവ്രവാദ സംഘങ്ങളെ നേരിടുന്നതിലും തപൻ ദേക്ക ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്.















