തിരുവനന്തപുരം: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം ആദ്യം സിആർപിഎഫ് ആശുപത്രിയിലേക്കും തുടർന്ന് നന്തിയോടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കും എത്തിച്ചു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സിആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ, വിഷ്ണുവിന്റെ ബന്ധുക്കൾ നാട്ടുകാർ എന്നിവർ ചേർന്ന് മൃതദേഹം സ്വീകരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. 10 മണിവരെ കുടുംബ വീട്ടിൽ പൊതുദർശനം ഉണ്ടാകും.
രാവിലെ 11 മണിക്ക് എസ്‌കെവി സ്‌കൂളിലും വിഷ്ണുവിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കും. ശേഷം 12 മണിക്കാണ് ശാന്തീതീരം പൊതുശ്മശാനത്തിൽ സംസ്‌കാരം. നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ട ജവാനായിരുന്നു വിഷ്ണുവെന്ന് വിതുമ്പലോടെ ബന്ധുക്കളും പ്രദേശവാസികളും പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി തിരുവനന്തപുരം എഡിഎം സി. പ്രേംജി ആദരമർപ്പിച്ചു.
കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ വാഹനത്തിന് നേരെയുണ്ടായ ഐഇഡി ആക്രമണത്തിലാണ് വിഷ്ണുവും കാൺപൂരിൽ നിന്നുള്ള 29കാരൻ ശൈലേന്ദ്രയും വീരമൃതു വരിച്ചത്. ഇരുവരും CoBRA 201 ബറ്റാലിയനിലെ ജവാന്മാരായിരുന്നു.















