വാരാണസി: മകൻ അനന്ത് അംബാനിയുടേയും ഭാവിവധു രാധിക മർച്ചന്റിന്റേയും വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥ ഭഗവാന് മുന്നിൽ സമർപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. ഇന്നലെയാണ് ക്ഷേത്രദർശനം നടത്താനും, വിവാഹ ക്ഷണക്കത്ത് ഭഗവാന് മുന്നിൽ സമർപ്പിക്കുന്നതിനും വേണ്ടി നിത അംബാനി വാരാണസിയിൽ എത്തിയത്.
ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിനെ കുറിച്ചും, ശിവ ഭഗവാന് മുന്നിൽ പ്രാർത്ഥിക്കാൻ വീണ്ടും അവസരം ലഭിച്ചതിനെ കുറിച്ചും നിത അംബാനി മാദ്ധ്യമങ്ങളോട് സംസാരിച്ചു. ” പത്ത് വർഷം മുൻപാണ് ഞാൻ ഇവിടെ അവസാനമായി വന്നത്. ഇന്നിപ്പോൾ ഗംഗാ ആരതി നടക്കുമ്പോൾ വീണ്ടും ഇവിടെ എത്താൻ സാധിച്ചു. ഇവിടെ എത്തിയപ്പോൾ മനസ് വളരെ ശാന്തമാകുന്നത് അറിയാൻ കഴിയുന്നുണ്ട്. വളരെ മനോഹരമായ ഇടമാണിത്. ദൈവീകമായ അന്തരീക്ഷമാണ് എല്ലായിടത്തും. ഇവിടെയെത്തുന്ന ഓരോ വ്യക്തികൾക്കും അത് അനുഭവിച്ച് അറിയാൻ സാധിക്കും.
അനന്തിന്റേയും രാധികയുടേയും വിവാഹ ക്ഷണക്കത്ത് ഭഗവാന് മുന്നിൽ സമർപ്പിക്കാനാണ് ഇവിടെ എത്തിയത്. ഇവിടെ ഉണ്ടായ വികസനം കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ടെന്നും” നിത അംബാനി പറഞ്ഞു. ക്ഷേത്രദർശനത്തിന് ശേഷം പ്രദേശത്തെ ഒരു കടയിൽ നിന്നും മധുരവും ചാട്ടും കഴിച്ച ശേഷമാണ് നിത അംബാനി മടങ്ങിയത്. ക്ഷേത്ര പരിസരത്ത് തന്നെക്കാണാനായി എത്തിയവരോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് നിത അംബാനി മടങ്ങിയത്. ജൂലൈ 12നാണ് അനന്തിന്റേയും രാധികയുടേയും വിവാഹച്ചടങ്ങുകൾ ആരംഭിക്കുന്നത്.















