കിയോഞ്ജർ: കിയോഞ്ജറിലെ തന്റെ ഗ്രാമമായ റായ്കേലയിലെ കുടുംബ വീട്ടിലെത്തി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒഡിഷ മുഖ്യമന്ത്രിയായശേഷം ഇതാദ്യമായാണ് മാജി ഗ്രാമത്തിലെ തന്റെ വീട്ടിലെത്തുന്നത്.
ആവേശോജ്ജ്വലമായ സ്വീകരണമാണ് മാജിക്ക് ഗ്രാമത്തിൽ ലഭിച്ചത്. തന്റെ സ്വന്തം ജില്ലയായ കിയോഞ്ജറിലെത്തിയ മാജി ഘട്ഗാവിൽ നടത്തിയ റോഡ് ഷോയിലും പങ്കെടുത്തു, . പ്രാദേശിക ബിജെപി നേതാക്കളും അനുയായികളും അദ്ദേഹത്തെ സ്വീകരിച്ചു. ശനിയാഴ്ച പുരി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ 4 .5 കോടി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും വരാനിരിക്കുന്ന രഥയാത്ര എല്ലാവരുടെയും സഹകരണത്തോടെ വിജയകരമായി നടത്തുമെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ബിജു ജനതാദൾ (ബിജെഡി) സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ജൂൺ 12 നാണ് മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒഡിഷയിൽ അധികാരത്തിലെത്തിയത്. 52 കാരനായ മോഹൻ മാജി താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവാണ്. ഒഡിഷയിലെ ജനസംഖ്യയുടെ 23 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഏറെ പരിചിതമായ മുഖമാണ് മോഹൻ മാജിയുടേത്. കോൺഗ്രസ്സിന്റെ ഹേമാനന്ദ ബിസ്വാളിനും ഗിരിധർ ഗമാങ്ങിനും ശേഷം ഗോത്രവിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.















