മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന എമർജെൻസിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കങ്കണ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിൽ ചിത്രത്തിൽ ഇന്ദിരയായി വേഷമിടുന്ന കങ്കണയുടെ പോസ്റ്ററും പങ്കുവച്ചിരുന്നു. ചിത്രം സെപ്‌റ്റംബർ 7 ന് റിലീസ് ചെയ്യുമെന്നാണ് കങ്കണ ആരാധകരെ അറിയിച്ചിരിക്കുന്നത്.
“സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അദ്ധ്യായത്തിന്റെ 50-ാം വർഷത്തിന്റെ തുടക്കം, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരവും സ്ഫോടനാത്മകവുമായ കാലഘട്ടം” എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററും പങ്കുവച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തിൽ അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയുടെ ഓർമകൾക്ക് 49 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എമർജെൻസിയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സീ സ്റ്റുഡിയോസും മണികർണികാ ഫിലിംസും ചേർന്നുനിർമ്മിക്കുന്ന ചിത്രത്തിൽ അനുപം ഖേർ, മഹിമ ചൗധരി, ശ്രേയസ് തൽപാടെ, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥയും സംഭാഷണവും റിതേഷ് ഷായും സംഗീതം സഞ്ചിത് ബൽഹാരയും നിർവ്വഹിച്ചിരിക്കുന്നു.