വിവാഹം ഒരു ആഘോഷമാണ്. ഈ വിശേഷ ദിനത്തിൽ വിവാഹ വീട്ടിൽ ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിക്കപ്പെടും . എന്നാൽ ചിലയിടങ്ങളിലാകട്ടെ പപ്പടത്തിന്റെ പേരിൽ പോലും വഴക്കും നടക്കാറുണ്ട്. ഇത്തവണ ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് ഇല്ലെന്ന ഒറ്റക്കാരണത്താലാണ് വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കളെ മർദിച്ചത് . ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം . പരസ്പരം തർക്കങ്ങൾ പറഞ്ഞ് തുടങ്ങിയെങ്കിലും സാവധാനം അത് കൈയ്യാങ്കളിയിലേയ്‌ക്ക് മാറി . പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാൽ കിട്ടാത്ത ദേഷ്യത്തിൽ വധുവിന്റെ ബന്ധുക്കൾ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടിൽ കോലാഹലമുണ്ടാക്കുന്നു.”എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിക്കുന്നത്.















