കണ്ണൂർ: സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോയതായി പരാതി. കണ്ണൂർ മുണ്ടശേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട്ടെ പാണത്തൂരിൽ നിന്നുള്ള ഗുണ്ടാ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം.
രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി പോവുകയായിരുന്ന യുവാവിന്റെ സ്‌കൂട്ടർ പിന്തുടർന്നെത്തിയ സംഘം സുറൂറിനെ ഇടിച്ചിട്ട് തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവും നടത്തുന്ന ആളാണ് സുറൂർ. ഇതുമായി ബന്ധപ്പെട്ട് പണമിടപാട് തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.















