ലക്നൗ: 2025-ലെ മഹാ കുഭമേളയിൽ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
മഹാകുഭമേളയിൽ പങ്കെടുക്കാൻ നിരവധി പേരെത്തുമെന്നും അഭൂത പൂർവമായ തിരക്കിനാകും സാക്ഷ്യം വഹിക്കുകയെന്നും അതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന വർഷം പ്രയാഗ്രാജിലാണ് കുഭമേള നടക്കുക.
ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം ലോകത്തിന് മുൻപിൽ കാഴ്ചവയ്ക്കാനുള്ള വേദിയാണ് കുഭമേള. ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ളവർ ഇതിന്റെ ഭാഗമാകാൻ എത്തും. അതിനാൽ തന്നെ സുരക്ഷയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഉത്തർ പ്രദേശ്, ഇന്ത്യ എന്നിങ്ങനെയുള്ള ബ്രാൻഡിനെ ഉത്തേജിപ്പിക്കാൻ ലഭിക്കുന്ന അവസരമാണിതെന്നും ഉന്നത ഉദ്യോഗസ്ഥരോട് യോഗി ആദിത്യനാഥ് പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി പൊലീസും ബന്ധപ്പെട്ടവരും സാങ്കേതികവിദ്യയും എഐയും ഉപയോഗപ്പെടുത്തണം. ജനസാന്ദ്രത നിരീക്ഷിക്കാൻ എഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കണം. 4,000 ഹെക്ടറിലാണ് കുഭമേള നടത്താൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ൽ ഇത് 3,200 ഹെക്ടറിലായിരുന്നു.















