കിയോഞ്ചർ: കഴിഞ്ഞ ബിജെഡി സർക്കാരിന്റെ കാലത്ത് തന്നെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം നടന്നെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സ്വന്തം ജില്ലയായ കിയോഞ്ചറിലേ ജൂംപുരയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കിയോഞ്ചറിലേ മാൻഡുവായിൽ നടന്ന സംഭവവും അദ്ദേഹം പങ്കുവെച്ചു. സ്‌ഫോടനത്തിലൂടെ കൊല്ലാനായിരുന്നു ശ്രമം. പക്ഷെ ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ സ്‌നേഹവും കൊണ്ട് ജീവൻ തിരിച്ചുകിട്ടി. മാ തരിണിയും, മാ ദുർഗ്ഗയും, ബാലദേവും, ജഗന്നാഥനും കൂടെയുള്ളപ്പോൾ തനിക്കൊന്നും പേടിക്കേണ്ടതില്ലെന്നും’ മാജി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി അദ്ദേഹം ജൻമനാട്ടിൽ എത്തിയത്. മാജി വീട്ടിൽ സന്ദർശനം നടത്തുന്നതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ബിജെപി പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3 ,100 രൂപയാക്കും. സുഭദ്ര യോജനയുടെ കീഴിൽ അർഹരായ എല്ലാ സ്ത്രീകൾക്കും 50000 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.















