ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സർക്കാർ വിശേഷിപ്പിച്ച കേരളാ ബാങ്കിനെ സി-ക്ലാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി റിസർവ് ബാങ്ക്. അമിത രാഷ്‌ട്രീയവത്കരണം മുതൽ റാങ്കിംഗ് മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകൾ വരെ ചൂണ്ടിക്കാട്ടിയാണ് കേരളാ ബാങ്കിനെ സി-ക്ലാസിലേക്ക് തരംതാഴ്‌ത്തിയത്. നബാർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യക്തിഗത വായ്പാ വിതരണത്തിലുൾപ്പെടെ കേരളാ ബാങ്കിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വ്യക്തിഗത വായ്പകൾ 25-ലക്ഷം രൂപ വരെ മാത്രമേ നൽകാൻ പാടുള്ളൂ എന്നതാണ് ആർബിഐയുടെ പുതിയ തീരുമാനം. നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ സിപിസി മേധാവികളും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
2022-23 വർഷത്തെ നബാർഡ് ഇൻസ്പെക്ഷൻ പ്രകാരം ബാങ്കിന്റെ ക്ലാസിഫിക്കേഷൻ ബി-യിൽ നിന്നും സി-യിലേക്ക് മാറിയിരിക്കുന്നുവെന്ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മൂലധന പര്യാപതതയും ആസ്തി ബാധ്യതകളും വരുമാനവും വിശദമായി പരിശോധിച്ചാണ് റാങ്കിംഗ് ശുപാർശകൾ തയ്യാറാക്കുന്നത്.
രണ്ട് ലക്ഷത്തിലധികം വരുന്ന സ്വർണപ്പണയത്തിന് മേൽ ഒരുമിച്ച് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് കേരളാ ബാങ്കിന് റിസർവ് ബാങ്ക് നേരത്തെ പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്‌ത്തൽ.