ന്യൂഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോൺസുലേറ്റ്. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സാഹചര്യങ്ങളിൽ അയവ് വരുന്നത് വരെ അക്രമവും പ്രതിഷേധങ്ങളും ബാധിച്ച ഇടങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിന് കെനിയൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
പ്രസിഡന്റ് വില്യം റൂട്ടോ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അതേസമയം അക്രമത്തിനും അരാജകത്വത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വില്യം റൂട്ടോ പറഞ്ഞു. ” രാജ്യദ്രോഹപരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കുറ്റവാളികൾക്ക് ശക്തമായ മറുപടി നൽകും. പ്രതിഷേധക്കാർ എല്ലാ സീമകളും ലംഘിച്ചാണ് പാർലമെന്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. സമാധാനപരമായ പ്രതിഷേധം നടത്തിയെന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ അവർ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം അഴിച്ച് വിടില്ല. അരാജകത്വത്തിന് ശ്രമിക്കുന്നവരെ വെറുതെ വിടാനാകില്ലെന്നും” റൂട്ടോ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ആഴ്ചയായി പാർലമെന്റിന് മുന്നിൽ യുവാക്കളുടെ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തോടെ ഇത് അക്രമാസക്തമായി മാറുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡുകൾ കടന്ന് കെനിയൻ പാർലമെന്റ് ഗ്രൗണ്ടിലേക്ക് കടക്കുകയുമാിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസിന് പുറമെ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 31ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.















