അമ്പലപ്പുഴ : പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ മെഹമ്മൂദ് മിയാനെ (38) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ മാസമാണ് അമ്പലപ്പുഴയിൽ നിന്നുള്ള 12 കാരിയെ മെഹമ്മൂദ് ബിഹാറിലേക്ക് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് . പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം വീടിന് സമീപം താമസിച്ചിരുന്ന മെഹമ്മൂദ് പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും, പെണ്‍കുട്ടിയെ കൂട്ടി കടന്നുകളയുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും മെഹമ്മൂദ് കൈക്കലാക്കിയതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞു തിരിച്ചെത്തിയ വീട്ടുകാരോട് അയൽക്കാരാണ് മെഹമ്മൂദ് പെൺകുട്ടിയുമായി പോയ വിവരം പറഞ്ഞത് . തുടര്‍ന്ന് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ മെഹമ്മൂദ് പെണ്‍കുട്ടിയുമായി എറണാകുളത്തേക്ക് പോവുകയും അവിടെ നിന്നും ട്രെയിനില്‍ ബിഹാറിലേക്ക് സഞ്ചരിക്കുന്നതായും കണ്ടെത്തി . ഉടന്‍ തന്നെ പൊലീസ് ബിഹാറിലേക്ക് യാത്ര തിരിക്കുകയും യാത്രാ മധ്യേ മഹാരാഷ്‌ട്രയിലുള്ള ബല്‍ഹര്‍ഷാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.20,000 ത്തോളം രൂപ പ്രതിയില്‍ നിന്നും കണ്ടെടുത്തു.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മെഹമ്മൂദ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയെ കൗണ്‍സിലിംഗ് നല്‍കി മൊഴി രേഖപ്പെടുത്തിയ ശേഷം മാതാവിനൊപ്പം വിട്ടയച്ചു.















