പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ വനവാസി ബാലിക മരിച്ചു. അഗളി പഞ്ചായത്തിലെ വടകോട്ടത്തറ ഊരിലെ വെള്ളിങ്കിരി – കാളിയമ്മ ദമ്പതികളുടെ മകൾ അമൃത ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് 10 വയസുകാരി മരണത്തിന് കീഴടങ്ങിയത്. അഗളി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച അമൃത. അരിവാൾ രോഗം തടയാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് അധികൃതർ പറയുമ്പോഴും അട്ടപ്പാടിയിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അരിവാൾ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ചെറുപ്പം മുതൽ രോഗത്തിന് ചികിത്സ തേടുന്നവരുടെ മരുന്ന് പോലും കൃത്യമായി വിതരണം ചെയ്യാതെ അനാസ്ഥ തുടരുകയാണ് ഭരണകൂടം. അട്ടപ്പാടിയിൽ രോഹവാഹകരും രോഗികളുമായി 400-ലേറെ പേരുണ്ടെന്നാണ് കണക്ക്. കൃത്യമായ രോഗപരിശോധന നടത്തി രോഗികളെയും രോഗലക്ഷണങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നാതാണ് യാഥാർത്ഥ്യം.
അട്ടപ്പാടിക്കായി ആറ് മൊബൈൽ മെഡിക്കൽ യൂുണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു രോഗിയെ പോലും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. യൂണിറ്റുകളിൽ രക്തം പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും ഇതുവരെയായി അത് നടത്തിയിട്ടില്ല. ഗർഭിണികളെയും അരിവാൾ രോഗം അലട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനിതക കാരണങ്ങളാൽ ചുമന്ന രക്തകോശങ്ങൾക്ക് ഉണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.















