ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്‌ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തിൽ സഭാനാഥനായി വീണ്ടും തുടരുകയെന്നത് വലിയ ഉത്തരവാദിത്വമാണെന്നും അങ്ങയുടെ അനുഭവ പരിജ്ഞാനം അടുത്ത അഞ്ച് വർഷവും ഞങ്ങളെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ട വേളയിലും യാഥാർത്ഥ്യമാകാതെ പോയ ചരിത്ര തീരുമാനങ്ങൾ അങ്ങ് സഭാനാഥനായ വേളയിലാണ് സാധ്യമായത്. ജനാധിപത്യത്തിന്റെ നീണ്ട യാത്രയിൽ നിരവധി നാഴികക്കല്ലുകൾ നാം പിന്നിട്ടു. കഴിഞ്ഞ ലോക്സഭയുടെ കാര്യക്ഷമതയിലും നേട്ടങ്ങളിലും തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. പാർലമെന്റ് ചരിത്രത്തിലെ സുവർണകാലഘട്ടമായി 17-ാമത് ലോക്സഭ അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
17-ാമത് ലോക്സഭയിലായിരുന്നു നാരീശക്തൻ വന്ദൻ അധിനിയം 2023, ജമ്മുകശ്മീർ പുനഃസംഘടനാ നിയമം, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ നിയമം, ഉപഭോക്തൃ സംരക്ഷണ ബിൽ തുടങ്ങി സുപ്രധാനമായ പല ബില്ലുകളും പാസായതെന്നും നരേന്ദ്രമോദി ഓർമിപ്പിച്ചു.
രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർള. അഞ്ച് വർഷം സ്പീക്കറായി സേവനമനുഷ്ഠിച്ചതിന് ശേഷം വീണ്ടും സഭാനാഥനായ ബൽറാം ജാഖറിന് ശേഷം നേട്ടം സ്വന്തമാക്കുന്ന എംപിയാണ് ഓം ബിർള.















